ദുബായ്: ഔഷധസസ്യങ്ങളിൽനിന്ന് നിർമിക്കുന്ന സെന്റ് ജോൺസ് വോർട്ട് (St. John’s Wort) ഉൾപ്പെടെയുള്ള ഹെർബൽ ഉൽപ്പന്നങ്ങൾ മറ്റ് മരുന്നുകൾക്കൊപ്പം ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ അധികൃതർ. ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദേശമില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്.ചില മരുന്നുകളുടെ പ്രവർത്തനത്തെയും ശരീരത്തിലെ അവയുടെ ആഗിരണത്തെയും ഉപാപചയത്തെയും സെന്റ് ജോൺസ് വോർട്ട് ബാധിക്കാം. ഇതിലൂടെ ചില മരുന്നുകളുടെ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ജിങ്കോ ബിലോബ (Ginkgo Biloba) അടങ്ങിയ സപ്ലിമെന്റുകൾ രക്തം കട്ടപിടിക്കുന്നത് തടയുന്ന ചില മരുന്നുകൾക്കൊപ്പം ഉപയോഗിക്കുമ്പോൾ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കാമെന്നും മുന്നറിയിപ്പുണ്ട്.ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വർധിപ്പിക്കാനുമായി വിപണിയിലെത്തുന്ന ചില ഉൽപ്പന്നങ്ങളിൽ വെളിപ്പെടുത്താത്ത ഔഷധഘടകങ്ങൾ അടങ്ങിയിരിക്കാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.
പ്രകൃതിദത്തം’, ‘ഹെർബൽ’ തുടങ്ങിയ പേരുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്ന് കരുതരുതെന്നും അധികൃതർ ഓർമിപ്പിച്ചു. സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ വിറ്റാമിനുകൾ ഉൾപ്പെടെയുള്ള സപ്ലിമെന്റുകളുടെ ഉപയോഗവിവരങ്ങൾ ഡോക്ടറെയും ഫാർമസിസ്റ്റിനെയും അറിയിക്കണം.അപസ്മാരത്തിനുള്ള മരുന്നുകളും ചില സ്റ്റിറോയിഡ് മരുന്നുകളും ഡോക്ടറുടെ നിർദേശമില്ലാതെ പെട്ടെന്ന് നിർത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സ്വന്തമായി മരുന്നുകൾ മാറ്റുകയോ ഹെർബൽ ഉൽപ്പന്നങ്ങൾക്കൊപ്പം ഉപയോഗിക്കുകയോ ചെയ്യാതെ ആരോഗ്യവിദഗ്ധരുടെ നിർദേശം തേടണമെന്നാണ് യുഎഇയുടെ നിർദേശം.


