മയാമി: എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് കനത്ത തോൽവി. ലയണൽ മെസ്സി കളത്തിലിറങ്ങിയിട്ടും എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊളംബസ് മയാമിയെ തകർത്തത്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ മയാമി താരം ഗോൺസാലോ ലുജാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് മെസ്സിയും സംഘവും മത്സരം പൂർത്തിയാക്കിയത്.
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ കൊളംബസ് ലീഡ് നേടി. ചിലിയൻ സ്‌ട്രൈക്കർ ഗോൺസാലോ ടാപ്പിയ പെനാൽറ്റിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി മയാമി ആക്രമണം ശക്തമാക്കി. എന്നാൽ 36-ാം മിനിറ്റിൽ ഗോൺസാലോ ലുജാൻ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ഇതോടെ ആദ്യപകുതി ഒരു ഗോളിന്റെ ലീഡിൽ കൊളംബസ് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ പത്ത് പേരുമായി കളത്തിലിറങ്ങിയ മയാമിക്ക് തിരിച്ചുവരാനായില്ല. കൊളംബസ് തുടർച്ചയായ ആക്രമണങ്ങളിലൂടെ മയാമിയെ പ്രതിരോധത്തിലാക്കി. 52-ാം മിനിറ്റിൽ ടാഹ ഹബ്രൗൺ കൊളംബസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ആറു മിനിറ്റിനുശേഷം ഗോൺസാലോ ടാപ്പിയ തന്റെ രണ്ടാം ഗോളും നേടിയതോടെ കൊളംബസ് വിജയം ഉറപ്പിച്ചു.
ഇരു ടീമുകളും ശനിയാഴ്ച വീണ്ടും ഏറ്റുമുട്ടും.




