കൊൽക്കത്ത: കീടനാശിനി ഉള്ളിൽച്ചെന്ന് വിഷബാധയേറ്റ പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎ രേഖ പത്രയുടെ ആരോഗ്യനില അതീവ ഗുരുതരം. കൊൽക്കത്തയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.
കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽ ചെന്നതായാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് രേഖ പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയിലുള്ള എംഎൽഎ ഇതുവരെ കണ്ണുതുറക്കുകയോ മരുന്നുകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കീടനാശിനി എങ്ങനെ ഉള്ളിൽ ചെന്നുവെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഹിംഗൽഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് രേഖ പത്ര.
2024ന്റെ തുടക്കത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിലൂടെയാണ് രേഖ പത്ര ദേശീയ ശ്രദ്ധ നേടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബസിർഹട്ട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2026 മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിംഗൽഗഞ്ചിൽ നിന്ന് വിജയിച്ച് എംഎൽഎയായി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ രേഖ പത്ര പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അവർ അടുത്തിടെ പ്രതികരിച്ചിരുന്നു.


