എറണാകുളം: ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിനെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് ആലുവയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടുമുക്കം കവലയിലായിരുന്നു പ്രതിഷേധ പ്രകടനം.
പാർട്ടിയെയും നേതാക്കളെയും വിമർശിച്ച് കോൺഗ്രസ് വിട്ടുപോയ പത്മജയെ വീണ്ടും സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി. നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
രണ്ടര വർഷത്തിലേറെയായി ബിജെപിയുമായി സഹകരിച്ചിരുന്ന പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടത്. വികാരപരമായ സാഹചര്യത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപിയിലേക്കുള്ള പോക്കെന്നും സാധാരണ പ്രവർത്തകയായി കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ ക്ഷമാപണവും നടത്തിയിരുന്നു.
പത്മജയുടെ മടങ്ങിവരവിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ചെയ്തിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം യുവനേതാക്കളും പ്രവർത്തകരും ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. പാർട്ടിയെ വിമർശിച്ച് പുറത്തുപോയവർക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചുവരാനുള്ള ഇടമല്ല കോൺഗ്രസെന്നും പ്രതിഷേധക്കാർ വിമർശിച്ചു. പത്മജയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾക്കിടെ കോൺഗ്രസിനുള്ളിലെ ഭിന്നാഭിപ്രായങ്ങൾ പരസ്യമായി പ്രകടമാകുന്നതിന്റെ സൂചനയായാണ് ആലുവയിലെ പ്രതിഷേധം വിലയിരുത്തപ്പെടുന്നത്.


