കണ്ണൂർ: സിപിഎം പ്രവർത്തകൻ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. 11 മണിക്ക് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ പ്രശാന്ത് വിധി പറയും. ഡിവൈഎഫ്ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജി (40) നെ 2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നിൽ വച്ച് ആർഎസ്എസ് – ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 10 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.
വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആർഎസ്എസ് – ബിജെപി പ്രവർത്തകർ പിന്തുടർന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിറകു വശത്തുവെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണം.
ആദ്യ മൂന്നു പ്രതികളായ ടിപി ബിജു, വിപിൻ എം, വൈശാഖ് എം എന്നിവർ ചേർന്നാണ് ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഇതിൽ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപും പത്താം പ്രതി കെ മനൂപും സഹോദരന്മാരാണ്. ഒമ്പതാം പ്രതി പി രാജേഷ് കുമാറിന്റെ സഹോദരനാണ് പതിനെട്ടാം പ്രതി രമേശൻ. കേസിലെ പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശിയായ കണ്ണൻ എന്ന അജീഷ് ആർഎസ്എസ് ജില്ലാ പ്രമുഖനായിരുന്നു.




