Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ്; പ്രതി ഇർഫാൻ സിറാജ് പാഡയ്ക്ക് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അപ്പീലുകളിൽ അന്തിമ തീരുമാനം വരാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘകാലമായി ജയിലിൽ കഴിയുന്ന ഇർഫാന്റെ ആരോഗ്യസ്ഥിതിയും മറ്റ് സാഹചര്യങ്ങളും കോടതി പരിഗണിച്ചു.

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ചത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരായിരുന്നു കോച്ചിലുണ്ടായിരുന്നത്. സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഗുജറാത്തിൽ വ്യാപകമായ വർഗീയ കലാപങ്ങൾ അരങ്ങേറി. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കലാപങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു.

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രത്യേക എസ്‌ഐടി കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. 63 പേരെ കോടതി വെറുതെവിട്ടു.

2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. മറ്റ് 20 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിരുന്നു.

വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഗുജറാത്ത് സർക്കാരും ശിക്ഷയ്ക്കെതിരെ പ്രതികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപ്പീലുകളിലാണ് അന്തിമ തീരുമാനം വരാനുള്ളത്.

ദീർഘകാലത്തെ ജയിൽവാസം, പ്രായം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങൾ പരിഗണിച്ച് കേസിലെ മറ്റ് ചില പ്രതികൾക്കും സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇർഫാൻ സിറാജ് പാഡയ്ക്ക് ജാമ്യം അനുവദിച്ച പുതിയ ഉത്തരവും ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix