കൊല്ലം: കുണ്ടറയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചന്ദനത്തോപ്പ് പെരിനാട് മുകളുവിളയിൽ അൽഫിയ മൻസിലിൽ നൗഷാദ് (47) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. ഷൊർണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭാര്യയുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 29ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ശരീരത്തിൽ നൗഷാദ് തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ പടർന്നതോടെ ഭാര്യ നിലവിളിച്ച് വീട്ടിലൂടെ ഓടി. ശബ്ദം കേട്ട് ഉണർന്ന മകൻ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും പൊള്ളലേറ്റു. അടുക്കള ഒഴികെയുള്ള വീടിന്റെ മുറികളിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും തീപിടിച്ച് നശിച്ചു. രണ്ടര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നൗഷാദിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവിൽ ഷൊർണൂരിൽനിന്ന് ഇയാളെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും




