ന്യൂഡൽഹി: നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള പ്രധാനമന്ത്രി ബലെൻ ഷായുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിന്റെ വികസന യാത്രയിൽ ഇന്ത്യ എന്നും വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് മോദി ഉറപ്പുനൽകി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാർച്ചിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബലെൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.കുറച്ചുമാസങ്ങൾക്കുമുമ്പ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലൂടെ ബലെൻ ഷായുടെ ദീർഘവീക്ഷണം വ്യക്തമായിരുന്നുവെന്ന് മോദി പറഞ്ഞു. അദ്ദേഹവുമായി നടത്തിയ ചർച്ചകളിലൂടെ നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യ-നേപ്പാൾ ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും പ്രതിബദ്ധതയും മനസ്സിലാക്കാൻ കഴിഞ്ഞു. റാപ്പറിൽനിന്ന് രാഷ്ട്രീയ നേതാവായി മാറിയ 36-കാരനായ ബലെൻ ഷായ്ക്ക് നേപ്പാളിലെ ജനങ്ങൾ നൽകിയ ചരിത്രപരമായ ജനവിധി അവിടുത്തെ യുവതലമുറയുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പ്രതീകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മീയബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അയോധ്യയെയും നേപ്പാളിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന സരയൂ-കമല എക്‌സ്പ്രസ് ട്രെയിൻ സർവീസ് ഇരുനേതാക്കളും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ലുംബിനി, ബോധ്ഗയ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളെയും ശിവ-ശക്തി പരമ്പരാഗത തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് ഇരുരാജ്യങ്ങളും സംയുക്തമായി തുടക്കംകുറിക്കും. കൂടാതെ, ബിഹാർ, ഉത്തർപ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ, അതിർത്തി വികസന പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്.
ശ്രീരാമനും സീതാദേവിയും ഇരുരാജ്യങ്ങളുടെയും പങ്കുവെക്കപ്പെട്ട സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘നേപ്പാളില്ലാതെ നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾ അപൂർണമാണ്, നേപ്പാളില്ലാതെ നമ്മുടെ രാമൻ പോലും അപൂർണനാണ്’ എന്ന് 2018-ൽ ജനക്പൂർ സന്ദർശന വേളയിൽ പറഞ്ഞ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിക്കുകയുമുണ്ടായി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-നേപ്പാൾ ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയരുമെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലെൻ ഷാ പറഞ്ഞു. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ അതിജീവിക്കാൻ ഹിമാലയൻ നദികളെ സംരക്ഷിക്കുന്നതിന് ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാൾ സന്ദർശിക്കാൻ ക്ഷണിച്ച ബലെൻ ഷാ, നേപ്പാളിന്റെ സാമ്പത്തിക വളർച്ചയിലും അടിസ്ഥാനസൗകര്യ വികസനത്തിലും പങ്കാളികളാകാൻ ഇന്ത്യൻ നിക്ഷേപകരെയും വ്യവസായികളെയും സ്വാഗതം ചെയ്തിട്ടുമുണ്ട്.


