തിരുവനന്തപുരം:കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. ഷാഫി പറമ്പിലിനെതിരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കെതിരെയും രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’ എന്ന പരാമർശമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് രാജ്മോഹൻ ഉണ്ണിത്താനും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കമിട്ടത്. കാസർകോട് ജില്ലയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ പാർട്ടി നിർദേശിച്ചവരെ പരിഗണിച്ചില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ണിത്താൻ തള്ളിയിരുന്നു.
ഇതിനിടെ എഐസിസി നേതൃത്വത്തെ കണ്ട് പരാതി ഉന്നയിക്കാൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയതും വിവാദത്തിന് ആക്കം കൂട്ടി. ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത ഉണ്ണിത്താനെതിരെ യൂത്ത് കോൺഗ്രസ് അനുകൂലികളും രംഗത്തെത്തിയിരുന്നു.
ഉണ്ണിത്താനെ പരിഹസിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങളും പിന്നാലെയുണ്ടായി. ഇതിന് പിന്നാലെയാണ് കൂടുതൽ കടുത്ത ഭാഷയിൽ ഉണ്ണിത്താൻ തിരിച്ചടിച്ചത്.
കോൺഗ്രസിലെ ആഭ്യന്തര തർക്കം പരസ്യമായ പോരിലേക്ക് മാറുന്നതിനിടെ പുതിയ പരാമർശവും പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാക്കുകയാണ്.


