കോട്ടയം: പള്ളിപ്പെരുന്നാളിനിടെ ഗാനമേള വേദിയിൽ അയ്യപ്പഭക്തിഗാനം പാടുന്നത് തടയാൻ ശ്രമിച്ചയാളെ വേദിയിൽനിന്ന് ഇറക്കിവിട്ട് പള്ളിക്കമ്മിറ്റിയും നാട്ടുകാരും. കോട്ടയം കിഴപറയാർ പള്ളിപ്പെരുന്നാളിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പള്ളിക്കമ്മിറ്റിയുടെയും നാട്ടുകാരുടെയും നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഗാനമേളയ്ക്കിടെ ഗായകൻ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനിടെയാണ് ഒരാൾ വേദിയിലെത്തി പാട്ട് തടസ്സപ്പെടുത്തിയത്. ക്രിസ്തീയ ഗാനങ്ങൾ മാത്രമേ പാടാവൂ എന്ന് ആവശ്യപ്പെട്ട ഇയാൾ ഗായകനെ തടയുകയായിരുന്നു. ഇതോടെ സദസ്സിൽനിന്ന് പ്രതിഷേധമുയർന്നു. ഇയാൾ പ്രദേശവാസിയല്ലെന്ന് വീഡിയോയിൽ പറയുന്നതും കേൾക്കാം.
തുടർന്ന് പള്ളിക്കമ്മിറ്റിയുടെയും നാട്ടുകാരുടെയും ഇടപെടലിനെത്തുടർന്ന് ഇയാളെ വേദിയിൽനിന്ന് ഇറക്കിവിട്ടു. പിന്നാലെ പള്ളിയിലെ അച്ചന്റെ നിർദേശപ്രകാരം ഗായകൻ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനം വീണ്ടും ആലപിച്ചു. ‘പാമ്പാഗണപതി’ ഉൾപ്പെടെയുള്ള ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു. രണ്ട് ഗാനങ്ങൾക്ക് പകരം അഞ്ച് ഗാനങ്ങൾ പാടണമെന്നായിരുന്നു അച്ചന്റെ ആവശ്യം.
പള്ളിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇത്തവണ പെരുന്നാൾ വിപുലമായാണ് ആഘോഷിച്ചത്. മതഭേദമന്യേ നാട്ടിലെ വീടുകളിലെത്തി എല്ലാവരെയും സ്നേഹവിരുന്നിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഒരുമയോടെയാണ് നാട്ടുകാർ പെരുന്നാളിൽ പങ്കെടുത്തതെന്നും സംഘാടകരുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പുറത്തുനിന്നെത്തുന്നവർ നാടിന്റെ സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്ന സന്ദേശവും കുറിപ്പിലുണ്ട്. അരുണ്‍ കൃഷ്ണയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മതസൗഹാർദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശമായി സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.


