ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജിതമാകും. ദൗത്യത്തിനായി രണ്ട് കുങ്കിയാനകളും 20 അംഗ വനംവകുപ്പ് സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിലെത്തി.
വനംവകുപ്പിന്റെ വിവിധ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി എത്തിയത്. ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഇന്ന് കുങ്കിയാനകളെ ഉപയോഗിച്ച് മേഖലയിൽ നിരീക്ഷണവും പട്രോളിങ്ങും നടത്തും. ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടിവെക്കും. ദൗത്യത്തിന്റെ ഭാഗമായി നാളെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നത്. ദൗത്യം നടക്കുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.


