തിരുവനന്തപുരം: പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കുന്നതിനായി ശുദ്ധമായ പെട്രോൾ നൽകാൻ പെട്രോളിയം കമ്പനികൾ വിസമ്മതിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കേരളം. വിഷയത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. മന്ത്രി അനൂപ് ജേക്കബാണ് കേന്ദ്രത്തിന് കത്ത് നൽകിയത്.
പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കുകയല്ല പരിശോധനയുടെ ലക്ഷ്യമെന്നും പെട്രോളിലെ എഥനോൾ അളവിനെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാനാണ് പരിശോധന നടത്തുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താരതമ്യ പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ രണ്ടുതവണ പെട്രോളിയം കമ്പനികൾക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും കൊച്ചി റിഫൈനറി ലിമിറ്റഡിന് കത്തയച്ചിരുന്നു. എന്നാൽ ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചത്. ഇന്ത്യൻ ഓയിൽ കമ്പനി 19 ശതമാനം എഥനോൾ അടങ്ങിയ പെട്രോളാണ് നൽകിയതെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയിലൂടെയാണ് പെട്രോളിന്റെ ഗുണനിലവാരവും അതിൽ അടങ്ങിയിരിക്കുന്ന എഥനോളിന്റെ അളവും കണ്ടെത്തുന്നത്. ഇതിനാവശ്യമായ പരിശോധനാ കിറ്റുകൾ ഉൾപ്പെടെ സർക്കാർ വാങ്ങിയിട്ടുണ്ട്. എന്നാൽ താരതമ്യ പരിശോധനയ്ക്കായി എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ ലഭിക്കാത്തതാണ് പരിശോധനാ നടപടികൾക്ക് തടസ്സമായത്.
കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്. പെട്രോളിൽ അനുവദനീയമായ എഥനോൾ അളവ് 20 ശതമാനമായിരിക്കെയാണ് കർണാടകയുടെ കണ്ടെത്തൽ വിവാദമായത്.
തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രി അനൂപ് ജേക്കബിന്റെയും ഇടപെടലിനെത്തുടർന്ന് കേരളത്തിലും പരിശോധനയ്ക്ക് നടപടികൾ ആരംഭിച്ചു. ഇതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പരിശോധനാ കിറ്റുകളും ഇതിനായി എത്തിച്ചു.
അതേസമയം, പെട്രോളിൽ 31 ശതമാനം എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനാ ഫലം കേന്ദ്രസർക്കാരും പെട്രോളിയം കമ്പനികളും തള്ളിയിരുന്നു. പരിശോധന ശാസ്ത്രീയമായിരുന്നില്ലെന്നായിരുന്നു ഇവരുടെ വാദം.
ഈ സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന്റെ സഹായം തേടിയിരിക്കുന്നത്. താരതമ്യ പരിശോധനയ്ക്ക് ആവശ്യമായ ശുദ്ധമായ പെട്രോൾ ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ പെട്രോളിന്റെ എഥനോൾ അളവ് സംബന്ധിച്ച ആശങ്കകൾക്ക് വ്യക്തത വരുത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.



