കോഴിക്കോട്: മാവൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഏകദേശം 16,000ത്തോളം പൊട്ടിയ കോഴിമുട്ടകൾ പിടിച്ചെടുത്തു. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൊത്തവിതരണ കേന്ദ്രത്തിൽ നിന്നാണ് പുഴുവരിച്ച മുട്ടകൾ കണ്ടെത്തിയത്.
കോഴിക്കോട് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മുട്ടകൾ കണ്ടെത്തിയത്. രണ്ട് കടമുറികളിലായി ശീതീകരിച്ച മുറികളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
പൊട്ടിയ മുട്ടകൾ ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാനായിരിക്കാം സൂക്ഷിച്ചതെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിഗമനം. പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന മുട്ടകൾ ജീവനക്കാരെ ഉപയോഗിച്ച് തരംതിരിക്കാറുണ്ടെന്ന് കടയുടമ റഫീഖ് പറഞ്ഞു. കേടായ മുട്ടകൾ മാറ്റിവെച്ച് പിന്നീട് തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്നും ദുർഗന്ധം രൂക്ഷമായതിനാലാണ് അവ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.



