കൊച്ചി: സന്യാസജീവിതം സ്വീകരിച്ചതിന്റെ പേരിൽ ഒരാൾക്ക് കുടുംബസ്വത്തിലെ അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ സന്യാസജീവിതം സ്വീകരിച്ച വ്യക്തിക്കും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം സ്വത്തിൽ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ ഭൂമിയുടെ നഷ്ടപരിഹാരത്തുക വീതംവെക്കുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കത്തിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.
കന്യാസ്ത്രീയായ സഹോദരിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് കോടതിയെ സമീപിച്ചത്. സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ച വ്യക്തിക്ക് കുടുംബസ്വത്തിൽ അവകാശം ഉന്നയിക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ, ഹർജിക്കാരൻ ഉൾപ്പെടെ ആറ് മക്കൾക്ക് നഷ്ടപരിഹാരത്തുക തുല്യമായി വീതിച്ചുനൽകാൻ കോഴിക്കോട് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ചതുകൊണ്ടുമാത്രം കുടുംബവുമായുള്ള വൈകാരിക ബന്ധം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മതപരമായ ആചാരങ്ങൾക്കുമുകളിൽ രാജ്യത്തെ നിയമങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് സഹോദരിക്ക് അനന്തരാവകാശം നിഷേധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.




