കോഴിക്കോട്: എസ്എംഎ ബാധിതരായ കല്ലുരുട്ടി പൂത്തിരിച്ചാൽ സ്വദേശികളായ അരുണിന്റെയും ഷാമിലിന്റെയും മൂന്ന് മക്കളായ ഏഥൻ, ഒലിവർ, ഡേവിഡ് എന്നിവരുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണം 39-ാം ദിവസം പിന്നിടുമ്പോൾ 29 കോടി രൂപയോളമായി. ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് വേണ്ടത്. ലക്ഷ്യത്തിലെത്താൻ ഇനി 11 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ആവശ്യമായ തുക സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ചികിത്സാസഹായ കമ്മിറ്റിയും നാട്ടുകാരും.
ബിരിയാണി, പായസം, ഐസ്ക്രീം വിൽപ്പന, ചാലഞ്ചുകൾ, ചായസൽക്കാരങ്ങൾ, ഗാനവിരുന്നുകൾ, പാട്ടുപെട്ടി, സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ പ്രചാരണം തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് ചികിത്സാസഹായ കമ്മിറ്റി പണം സമാഹരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് സഹായം ലഭിക്കുന്നുണ്ട്.
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറുമായാണ് ചികിത്സാസഹായ കമ്മിറ്റി പ്രവർത്തിക്കുന്നത്. കല്ലുരുട്ടി പള്ളി വികാരി ഫാ. സിബിൻ കിളിയൻപറമ്പിലാണ് വൈസ് ചെയർമാൻ. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ ഇനിയും ഉദാരമതികളുടെ സഹായം തേടുകയാണ് കുടുംബവും കമ്മിറ്റിയും.
ചികിത്സാസഹായ നിധിയിലേക്ക് സംഭാവന നൽകാനുള്ള ബാങ്ക് വിവരങ്ങൾ:
- ബാങ്ക്: ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ
- അക്കൗണ്ട് നമ്പർ: 21360100162505
- ഐഎഫ്എസ്‌സി: FDRL0002136




