പാലക്കാട്: വൈദ്യുതി മുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കെഎസ്ഇബി ജീവനക്കാര്‍ വീട്ടില്‍ കയറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. പാലക്കാട് ഒറ്റപ്പാലം കയറമ്പാറ മൂർക്കനാട് വീട്ടിൽ ജേക്കബ്, ഭാര്യ ലത എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വീട്ടിൽ വൈദ്യുതി വിതരണം നിലച്ചതിനെത്തുടർന്ന് ജേക്കബ് കെഎസ്ഇബി ഓഫീസിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ കിടപ്പുരോഗിയുള്ളതിനാൽ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അന്വേഷിച്ചപ്പോൾ പത്ത് മിനിറ്റിനുള്ളിൽ വൈദ്യുതി എത്തുമെന്നായിരുന്നു മറുപടി.
എന്നാൽ 20 മിനിറ്റ് കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് ജേക്കബ് വീണ്ടും ഓഫീസിലേക്ക് വിളിച്ചു. ഫോൺ എടുക്കാതായതോടെ തുടർച്ചയായി ബന്ധപ്പെട്ടതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണ് ജേക്കബിന്റെ ആരോപണം. പിന്നാലെ ജീവനക്കാർ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സംഭവത്തിൽ കുടുംബം ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.


