ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പിടി ഉഷ മത്സരിക്കുന്നില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും ഉഷ പത്രിക നൽകിയില്ല. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള ഉഷയുടെ പടിയിറക്കം ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേക്ക് മുൻ ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ഉൾപ്പെടെ മൂന്ന് പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
മുൻ ഷൂട്ടിങ് താരം ഗഗൻ നരംഗ്, മുൻ ഐഒഎ സെക്രട്ടറി ജനറൽ സഞ്ജീവ് മേത്ത എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ടുപേർ. അതേസമയം, ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മുൻ അത്ലറ്റിക് താരം അഞ്ജു ബോബി ജോർജ് പത്രിക നൽകി. വീരേന്ദ്ര സച്ദേവയുടെയും ഗഗൻ നരംഗിന്റെയും പേരുകളും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. സച്ദേവയുടെ പാനലിനൊപ്പമാണ് അഞ്ജുവെന്നാണ് സൂചന.
സുമൻ കൗശിക്, വിജേന്ദർ സിങ് എന്നിവരും ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിടി ഉഷയ്ക്ക് താൽപര്യമുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐസ് ഹോക്കി ഫെഡറേഷൻ വഴി ജനറൽ അസംബ്ലിയിൽ എത്തിയെങ്കിലും അവസാന നിമിഷം പത്രിക സമർപ്പിക്കാൻ ഉഷ തയ്യാറായില്ല.
അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ അവസാന നിമിഷം വരെ ശക്തമായ നീക്കങ്ങളാണ് നടന്നത്. ഗഗൻ നരംഗിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്ന സൂചനകൾക്കിടെയാണ് വീരേന്ദ്ര സച്ദേവയുടെ രംഗപ്രവേശം ശ്രദ്ധേയമായത്.
ഡിസംബർ മൂന്നിന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.


