ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നാല് പ്രധാന പ്രവിശ്യകൾ വിഭജിച്ച് പുതിയ ഭരണവിഭാഗങ്ങൾ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നീക്കത്തിനെതിരെയാണ് രാഷ്ട്രീയ എതിർപ്പ് ഉയരുന്നത്.
സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഈ ആഴ്ച കറാച്ചിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പരമ്പരാഗത അജ്റക് ഷാളുകളും തൊപ്പികളും ധരിച്ചാണ് പ്രതിഷേധക്കാർ റാലിയിൽ പങ്കെടുത്തത്.
ജിയേ സിന്ധ് റഹ്ബർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിന്ധിന്റെ നിലവിലുള്ള അതിർത്തികളിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ പുതിയ ഭരണവിഭാഗങ്ങൾ രൂപീകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
സിന്ധിന്റെ ചരിത്രവും സംസ്കാരവും അതിന്റെ സ്വത്വത്തിന്റെ ഭാഗമാണെന്നും അതിനെ വെറും ഭരണപരമായ വിഷയമായി കാണരുതെന്നും നേതാക്കൾ പറഞ്ഞു. പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതിനായി ഹിതപരിശോധന നടത്താനുള്ള നീക്കത്തെയും പ്രതിഷേധക്കാർ എതിർത്തു.
ജനങ്ങളുടെ സമ്മതമില്ലാതെ തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ ഭരണഘടനാപരമായും നിയമപരമായും ജനാധിപത്യപരമായും ശക്തമായി പ്രതിഷേധിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും മുന്നറിയിപ്പ് നൽകി.



