മലപ്പുറം: പെട്രോൾ പമ്പ് ജീവനക്കാരിൽനിന്ന് പണം തട്ടിയ ശേഷം പൊലീസുകാരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പള്ളിക്കൽ കൂട്ടാലുങ്ങൽ മേക്കാടത്തിൽ മുഹമ്മദ് ഡാനിഷ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് കൊണ്ടോട്ടി പതിനേഴിലെ പെട്രോൾ പമ്പിൽനിന്ന് 22,000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പള്ളിക്കൽ സ്വദേശിയുടെ കാർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
തിങ്കളാഴ്ച കാറിലെ ജിപിഎസ് വിവരങ്ങൾ പരിശോധിച്ചപ്പോൾ വാഹനം കിഴിശ്ശേരി ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ അതിവേഗത്തിൽ കാർ ഓടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളും ഇടിച്ചുതകർത്താണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ എസ്.ഐ. പത്മരാജ്, എസ്.സി.പി.ഒ. ഷിനോജ് എന്നിവർക്ക് പരിക്കേറ്റു.
തുടർന്ന് അരീക്കോട് പൂങ്കുടിയിൽ കാർ ഉപേക്ഷിച്ച് ഡാനിഷ് രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കുന്നതിനായി നിലമ്പൂരിലെത്തിയെങ്കിലും പിന്നീട് തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചമുതൽ പ്രതിയെ പിന്തുടർന്ന പൊലീസ് ചൊവ്വാഴ്ച പുലർച്ചെയാണ് പിടികൂടിയത്.
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഡാനിഷെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ വഴി പണം അയച്ചതായി കാണിച്ച് പമ്പ് ജീവനക്കാരിൽനിന്ന് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പുരീതി. പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പുവരുത്തി ജീവനക്കാർ പണം കൈമാറിയാൽ പത്ത് മിനിറ്റിനകം അക്കൗണ്ട് മരവിപ്പിക്കും. ഇതോടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. തട്ടിപ്പിനായി വ്യാജ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. ജില്ലയിലും മറ്റ് പ്രദേശങ്ങളിലുമായി നിരവധി പെട്രോൾ പമ്പുകളിൽ ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


