കണ്ണൂര്: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിപിനും വൈശാഖും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു കേസിനിടെ കൊല്ലപ്പെട്ടിരുന്നു.
2016 ജൂലൈ 11നാണ് സി.വി. ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം പിന്തുടർന്ന് വീടിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിൻഭാഗത്ത് വെച്ച് വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലായിരുന്നു കൊലപാതകം.
രാഷ്ട്രീയവിരോധത്തെ തുടർന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 20 പേർ ചേർന്ന് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയെന്നായിരുന്നു എഫ്ഐആറിലെ ആരോപണം. 2016 ജൂൺ 25ന് കക്കമപാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപവും പിന്നീട് പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് സമീപവും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, ഗൂഢാലോചനയ്ക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം സാക്ഷിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണ് മൂന്ന് പ്രതികളെ മാത്രം കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.


