തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്നും അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം വർധിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിൽ പത്തനംതിട്ടയിൽ 1:11, ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 എന്നിങ്ങനെയാണ് അധ്യാപക-വിദ്യാർഥി അനുപാതം. ഇതിൽ മാറ്റം വരുത്തിയതുകൊണ്ട് അധ്യാപകരുടെ എണ്ണം വർധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സമരസമിതിയുടെ നാല് ആവശ്യങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വിരമിക്കൽ ഒഴിവുകൾ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംരക്ഷിത അധ്യാപകരുടെ തൊഴിൽസുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. സമരസമിതിയുമായി വീണ്ടും ചർച്ച നടത്തുമെന്നും ചർച്ചയിൽ ധാരണയിലെത്തിയാൽ അംഗീകരിച്ച നാല് ആവശ്യങ്ങളിലും ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിലവിലില്ലാത്ത തസ്തികകളിലേക്കുപോലും പി.എസ്.സി പരീക്ഷകൾ നടത്തുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. വിവിധ വകുപ്പുകളിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് പി.എസ്.സിയുമായും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


