തിരുവനന്തപുരം: ഇവിഎം അട്ടിമറി ആരോപണത്തിൽ കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഫിഖാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയത്.
വോട്ടിങ് മെഷീനിൽ തിരിമറി നടത്താമെന്ന് അവകാശപ്പെട്ട് ഒരു സംഘം സമീപിച്ചെന്ന കെ.ടി. ജലീലിന്റെ വെളിപ്പെടുത്തലിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. മങ്കടയിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു സംഘം സമീപിച്ച വിവരം ജനപ്രതിനിധിയായിരുന്ന കെ.ടി. ജലീൽ മറച്ചുവെച്ചത് നിയമപരമായി തെറ്റാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമായതിനാൽ സമഗ്രമായ അന്വേഷണം വേണമെന്ന് വി.പി. ദുൽഫിഖ് ആവശ്യപ്പെട്ടു. തെളിവില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വോട്ട് അട്ടിമറി നടന്നുവെന്നല്ല താൻ പറഞ്ഞതെന്നും അത്തരമൊരു തിരിമറിക്ക് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും കെ.ടി. ജലീൽ വ്യക്തമാക്കി. കാസർകോട് ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ നേരത്തെ നടത്തിയ പ്രസ്താവനയാണ് തനിക്ക് സംശയമുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്താൽ തന്റെ കൈവശമുള്ള വിവരങ്ങൾ മൊഴിയായി നൽകാൻ തയ്യാറാണെന്നും കെ.ടി. ജലീൽ പ്രതികരിച്ചു.


