ഇടുക്കി: ഡാൻസാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് നിയമവിദ്യാർഥിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാൾ പിടിയിൽ. അഞ്ചൽ നെടിയറ സ്വദേശി ജോജോ വർഗീസ് (38) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ ടീ ഷോപ്പിന് സമീപമായിരുന്നു സംഭവം. എൽഎൽബി വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതി തട്ടിയെടുത്ത് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥി തൊടുപുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് ഡിവൈഎസ്പി സജി മാർക്കോസിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിഐ കെ.പി. മനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോജോ വർഗീസിനെ അറസ്റ്റ് ചെയ്തത്.




