പാലക്കാട്: ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന പരാമർശത്തിനും പരസ്യ പ്രതികരണങ്ങൾക്കും പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. രാജ്‌മോഹൻ ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണമെന്ന ആവശ്യവുമായി പാഴ്‌സലായി നെല്ലിക്ക അയച്ചാണ് ഷാഫി പക്ഷത്തിന്റെ പ്രതിഷേധം. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് നെല്ലിക്ക അയച്ചത്.
കോൺഗ്രസിലെ യുവ നേതാക്കളിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും തുടർച്ചയായി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ഉണ്ണിത്താന് നെല്ലിക്ക അയച്ചതെന്നതും ശ്രദ്ധേയമാണ്. കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, റിജിൽ മാക്കുറ്റി തുടങ്ങിയവർ രാജ്‌മോഹൻ ഉണ്ണിത്താനെ പരസ്യമായി തള്ളുകയും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, രാജ്‌മോഹൻ ഉണ്ണിത്താൻ–ഷാഫി പറമ്പിൽ തർക്കത്തിന് താത്കാലിക വിരാമമായിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇടപെടലിനെ തുടർന്നാണ് ഇരുനേതാക്കളും പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ ധാരണയായത്. രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരുമായി ദീപ ദാസ് മുൻഷി ചർച്ച നടത്തി. എ ഗ്രൂപ്പ് പ്രതിനിധികൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ജെ.എസ്. അഖിൽ എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തി.
തനിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന ആവശ്യവും ചർച്ചയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചു. ജിൻഷാദ് ജിനാസ്, നേമം ഷെജീർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇനിയും പ്രകോപനമുണ്ടായാൽ തുറന്നടിക്കുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന ഉണ്ണിത്താന്റെ പ്രസ്താവനയും പിന്നാലെയുണ്ടായ സൈബർ ആക്രമണവുമാണ് കോൺഗ്രസിലെ തർക്കം പരസ്യമായ പോരിലേക്ക് എത്തിച്ചത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന പരോക്ഷ സൂചനയും ഉണ്ണിത്താൻ നൽകിയിരുന്നു. തനിക്കെതിരായ സൈബർ ആക്രമണങ്ങൾ പരിശോധിച്ചപ്പോഴാണ് അടൂരിൽ വിശ്രമിക്കുന്ന തന്റെ ശിഷ്യൻ രംഗത്തിറങ്ങിയതായി മനസ്സിലായതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടും ഉണ്ണിത്താൻ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടക്കുമ്പോൾ കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ നിയമിക്കാൻ ഒരു കുറിപ്പടി എഴുതിനൽകിയിരുന്നുവെന്നും അത് കീറിക്കളഞ്ഞാണ് അടൂരുകാരനെ പ്രസിഡന്റാക്കിയതെന്നുമായിരുന്നു ഉണ്ണിത്താന്റെ ആരോപണം.
എറണാകുളത്തെ പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റിൽ കേരളം ആദരിക്കുന്ന ഒരു നേതാവ് മറ്റൊരാളുടെ കാലുപിടിച്ച് അപേക്ഷിച്ച സംഭവമുണ്ടായെന്നും അതിന്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2020 എന്ന വാഹന നമ്പറും വലിയ രാഷ്ട്രീയ ആരോപണത്തിലേക്കുള്ള സൂചനയായി ഉണ്ണിത്താൻ പരാമർശിച്ചു. തനിക്കെതിരായ സൈബർ ആക്രമണം തുടർന്നാൽ എല്ലാം ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ കുടുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.


