തിരുവനന്തപുരം: താൻ ഒളിവിൽ പോകേണ്ട അവസ്ഥയിലാണെന്നും താനൊരു കുറ്റവാളിയല്ലെന്നും എൽപിഎസ്ടി സമരസമിതി നേതാവ് വളർമതി. സമരക്കാരെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും സർക്കാരിന്റെ സമീപനം ശരിയല്ലെന്നും അവർ ആരോപിച്ചു. നീതിക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നും അതിൽനിന്ന് പിന്നോട്ടുപോകാൻ കഴിയില്ലെന്നും വളർമതി വ്യക്തമാക്കി.
സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വെറും വാക്കുകളിൽ മാത്രമാണെന്നും അവർ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തായിരുന്നപ്പോൾ സമരക്കാരോട് അനുകമ്പ കാണിച്ചവർ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത് എങ്ങനെയാണെന്നും വളർമതി ചോദിച്ചു. നിയമനങ്ങൾ നടത്തിയാൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന സർക്കാർ വാദത്തെയും അവർ ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ആരോപിച്ചു.
റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഉദ്യോഗാർഥിക്ക് പോലും നീതി ലഭിച്ചിട്ടില്ലെന്ന് വളർമതി പറഞ്ഞു. കേരളത്തിൽ എന്ത് തൊഴിൽ ഉറപ്പാണ് നിലവിലുള്ളതെന്നും അവർ ചോദിച്ചു. ചർച്ചകളിൽ തീരുമാനമുണ്ടാകുന്നില്ലെന്നും മാധ്യമങ്ങളോട് പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ ചർച്ചകളിൽ സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
എച്ച്ടിവി തസ്തികകളുടെ കണക്ക് സർക്കാർ പുറത്തുവിടണം. നിയമസഭയിൽ പോലും ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നില്ല. 18 അധ്യാപക റാങ്ക് പട്ടികകൾ നീട്ടുമെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഏതെങ്കിലും പട്ടിക നീട്ടിയിട്ടുണ്ടോയെന്നും അതിനായി സർക്കാർ കത്ത് നൽകിയിട്ടുണ്ടോയെന്നും വളർമതി ചോദിച്ചു.
അർഹതപ്പെട്ട ഒഴിവുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ എങ്ങനെയാണ് അന്യായമെന്ന് വിശേഷിപ്പിക്കാനാകുന്നതെന്നും അവർ ചോദിച്ചു. സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ തൃപ്തരല്ലെന്നും സമരം തുടരാനാണ് തീരുമാനമെന്നും എൽപിഎസ്ടി ഉദ്യോഗാർഥികൾ വ്യക്തമാക്കി.
രണ്ട് വർഷത്തെ റിട്ടയർമെന്റ് ഒഴിവുകൾ നിയമനത്തിനായി നൽകണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ഇക്കാര്യം പരിഗണിച്ചശേഷം ചർച്ചയ്ക്ക് വിളിക്കണമെന്നും ആവശ്യം അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്നും വളർമതി പറഞ്ഞു. ഇതിലൂടെ സാധാരണക്കാരായ നിരവധി ഉദ്യോഗാർഥികളുടെ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
സമരക്കാരെ അടിച്ചമർത്തിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്നും സമരം സമവായത്തിലൂടെ അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വളർമതി ആവശ്യപ്പെട്ടു. മാനസികമായും ശാരീരികമായും സൈബർ അധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്നും നീതിക്കുവേണ്ടി മാത്രമാണ് പോരാടുന്നതെന്നും അവർ പറഞ്ഞു. ആരോഗ്യനില സാധാരണ നിലയിലാണെന്നും സമരം പൊളിക്കാനുള്ള ശ്രമങ്ങൾ വേണ്ടെന്നും വളർമതി കൂട്ടിച്ചേർത്തു.


