കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട. രണ്ടര കിലോ ചരസുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് നീലേശ്വരം ചിറപ്പുറം വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അഞ്ചുകോടിയോളം രൂപ വിലവരുമെന്നാണ് പോലീസിന്റെ കണക്ക്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽനിന്നാണ് ഇയാൾ ചരസ് വാങ്ങിയതെന്നാണ് പോലീസിന് നൽകിയ മൊഴി. ഡൽഹിയിൽനിന്ന് വിമാനമാർഗം മംഗളൂരുവിലെത്തിയ ഇയാൾ പിന്നീട് ട്രെയിനിൽ തൃശ്ശൂരിലെത്തി. അവിടെനിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. മയക്കുമരുന്ന് കൊച്ചി നഗരത്തിലെത്തിക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. കഞ്ചാവിന്റെ തളിരിലകളിൽനിന്ന് നിർമിക്കുന്ന അത്യന്തം അപകടകാരിയായ ലഹരിവസ്തുവാണ് ചരസ്. മുഹമ്മദ് സിറാജുദ്ദീൻ ഇതിന് മുൻപും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, സബ് ഇൻസ്പെക്ടർമാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


