പത്തനംതിട്ട: രാജ്‌മോഹൻ ഉണ്ണിത്താന്റെ സൈബർ ആക്രമണ ആരോപണം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും കോൺഗ്രസിനകത്തോ പുറത്തോ ഉള്ള ആരെയും ലക്ഷ്യമിട്ട് അത്തരം നീക്കം നടത്തിയിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരെയും സൈബർ ആക്രമണമുണ്ടായിട്ടുണ്ടെന്നും അതിന് പിന്നിൽ രാഹുലാണെന്നും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം പരോക്ഷമായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ഷാഫി പറമ്പിലും താനും തമ്മിലുള്ളത് സഹോദരസ്നേഹമാണെന്നും ഗുരുശിഷ്യബന്ധമല്ലെന്നും രാഹുൽ പറഞ്ഞു. ഇഷ്ടമുള്ള ഒരാൾ പ്രതിസന്ധിയിലാകുമ്പോൾ അയാളെ പ്രതിരോധിക്കാൻ മുന്നിലുണ്ടാകുക താനായിരിക്കുമെന്ന തോന്നൽ മറ്റുള്ളവർക്കുണ്ടെങ്കിൽ അത് തന്റെ പൊതുപ്രവർത്തന ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും നല്ല വശമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പരാമർശിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിക്കാറുണ്ട്. അല്ലാതെ സംഘടിതമായി ആളുകളെ വിന്യസിച്ച് ആക്രമണം നടത്താറില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ ആക്രമണം എന്ന ആശയത്തോട് പോലും തനിക്ക് യോജിപ്പില്ലെന്നും സമൂഹമാധ്യമങ്ങളിൽ പലരും അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനെയാണ് അത്തരത്തിൽ വിശേഷിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു. അങ്ങനെ സൈബർ ആക്രമണമായി കണക്കാക്കാമെങ്കിൽ തനിക്കെതിരെയും സമാനമായ നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും രാഹുൽ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്റെ ജീവിതത്തിലെ വൈകാരികമായ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭാര്യയ്ക്ക് മറുപടി നൽകാനുള്ള വലിപ്പം തനിക്കില്ലെന്നും ഭാവിയിലും അത്തരമൊരു സ്ഥാനം ആർജിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.


