കൊച്ചി: ബലാത്സംഗക്കേസിൽ അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് നൽകാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പാസ്കോഡ് നൽകേണ്ടതുണ്ടെന്നും ഇതിൽ നിന്ന് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തിരുവല്ല ബലാത്സംഗക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തത്. ഫോണുകൾ തുറന്ന് പരിശോധിക്കാൻ പാസ്കോഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് സ്വയം കുറ്റക്കാരനാകുന്നതിനെതിരായ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അവ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം.
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന 31കാരിയായ മലയാളി യുവതി നൽകിയ പരാതിയിലാണ് കേസ്.
ജനുവരി 10ന് ഷൊർണൂരിലെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ രാഹുൽ നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് രാഹുലിന്റെ വാദം. നേരത്തെ രണ്ട് ബലാത്സംഗ പരാതികൾ കൂടി ഉയർന്നതോടെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.


