കൊച്ചി: തൊപ്പിക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്ന യുവാവ് എക്സൈസിന്റെ പിടിയിൽ. മട്ടാഞ്ചേരി ഈരവേലി സ്വദേശി ഷമീർ (32) ആണ് അറസ്റ്റിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ‘തൊപ്പി ഷമീർ’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ഇന്നലെ വൈകിട്ട് 6.10ഓടെ വല്ലാർപാടം-കളമശേരി ദേശീയപാതയിൽ മുളവുകാടിന് സമീപത്തുനിന്നാണ് എറണാകുളം എക്സൈസ് റേഞ്ച് സ്ക്വാഡ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 14.802 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണ് ഷമീറെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ തുടങ്ങിയ മേഖലകളിൽ ഇയാൾ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തൊപ്പിക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തുന്ന രീതിയാണ് ഇയാൾക്ക് ‘തൊപ്പി ഷമീർ’ എന്ന പേര് ലഭിക്കാൻ കാരണം. ഏറെ നാളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിൽ നിന്നാണ് ഷമീറിന് എംഡിഎംഎ ലഭിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെയും കൊച്ചിയിൽ ഇത് വാങ്ങാനിരുന്നവരെയും കണ്ടെത്താൻ എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.




