മലപ്പുറം: സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ഗായകൻ ഷുഹൈബ് ജെറിൽ. ഫൈസ എന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് തനിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്നാണ് ഷുഹൈബിന്റെ വെളിപ്പെടുത്തൽ. ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്തായ ഷുഹൈബ്, സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട അനുഭവവും പങ്കുവെച്ചു.
കണ്ണിന് നീരുവന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കരോഗം കണ്ടെത്തിയത്. കാലിൽ നീരുവയ്ക്കുക, മൂത്രമൊഴിക്കുമ്പോൾ പത കാണുക തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്. തനിക്കൊപ്പം ക്രീം ഉപയോഗിച്ച മറ്റ് നാല് പേർക്കും സമാനമായ അസുഖം ബാധിച്ചെന്നും ഷുഹൈബ് പറഞ്ഞു.
പരിപാടികൾക്ക് പോകുമ്പോൾ കൂടുതൽ ഭംഗിയോടെ ഇരിക്കണമെന്ന ആഗ്രഹത്തിലാണ് ക്രീം ഉപയോഗിച്ചത്. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അറിയാതെ നിരവധി പേർ ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനാണ് പത്ത് വർഷം മുൻപുണ്ടായ അനുഭവം ഇപ്പോൾ തുറന്നുപറയുന്നതെന്നും ഷുഹൈബ് വ്യക്തമാക്കി. നിലവിൽ വൃക്കരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൗന്ദര്യവർധക വസ്തുക്കളുടെ മറവിൽ വ്യാജ ചൈനീസ് ഉൽപ്പന്നങ്ങളും വിപണിയിൽ സജീവമാകുകയാണ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ വിൽപ്പന മാനദണ്ഡങ്ങൾ പാലിക്കാത്ത 14 ഇനം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മലപ്പുറത്ത് നടത്തിയ പരിശോധനയിലാണ് ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്സിന്റെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയ്ക്കില്ലെന്നാണ് കണ്ടെത്തൽ. ഇറക്കുമതിക്കാരന്റെ പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ല. മതിയായ രേഖകളില്ലാതെയാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നത്.
ഫെയ്സ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വൃക്കരോഗം ബാധിച്ച 18കാരിയുടെ പരാതിയിൽ എഫ് ട്യൂൺ ക്രീമിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്. ക്രീമിന്റെ പരസ്യത്തിൽ നൽകിയിരുന്ന നാല് ഫോൺ നമ്പറുകളും പ്രവർത്തനരഹിതമാണ്. കാസർകോട് കേന്ദ്രീകരിച്ചാണ് ക്രീമിന്റെ വിതരണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെയാണ് ഫൈസ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് തനിക്കും ഗുരുതര വൃക്കരോഗം ബാധിച്ചെന്ന ഗായകൻ ഷുഹൈബ് ജെറിലിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നിരിക്കുന്നത്. സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ സുരക്ഷയും അവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വീണ്ടും ചർച്ചയാകുകയാണ്.




