ന്യൂഡൽഹി: കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയ പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകം മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന വിധത്തിൽ പാക്കറ്റിന്റെ മുൻവശത്ത് തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഫലപ്രദമായി നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (എഫ്എസ്എസ്എഐ) കോടതി നിർദേശം നൽകിയത്.
ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. പാക്കറ്റിന്റെ മുൻവശത്ത് മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് (എഫ്.ഒ.പി.എൻ.എൽ) സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഓരോ മുന്നറിയിപ്പ് ലേബലും ചുവന്ന ഷഡ്ഭുജാകൃതിയിൽ ആയിരിക്കണം. ആശങ്കയുണ്ടാക്കുന്ന പോഷകഘടകത്തെ സൂചിപ്പിക്കുന്ന ഏകീകൃത ചിത്രരൂപവും അതിനൊപ്പം വ്യക്തമായ മുന്നറിയിപ്പ് വാക്കുകളും ലേബലിൽ ഉൾപ്പെടുത്തണം. ‘ഉയർന്ന കൊഴുപ്പ്’, ‘ഉയർന്ന പഞ്ചസാര’, ‘ഉയർന്ന ഉപ്പ്’ എന്നിങ്ങനെയായിരിക്കണം മുന്നറിയിപ്പുകൾ.
പാക്കറ്റിന്റെ പ്രധാന പ്രദർശന ഭാഗത്തിന്റെ വിസ്തീർണത്തിന് ആനുപാതികമായിരിക്കണം മുന്നറിയിപ്പ് ലേബലിന്റെ വലുപ്പം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ഓരോ ഷഡ്ഭുജവും പ്രധാന പ്രദർശന ഭാഗത്തിന്റെ നാല് മുതൽ അഞ്ച് ശതമാനം വരെ വിസ്തീർണം ഉൾക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയിൽ ഒന്നിലധികം ഘടകങ്ങൾ അനുവദനീയമായ പരിധി കടന്നാൽ ഓരോന്നിനും പ്രത്യേകം മുന്നറിയിപ്പ് ലേബൽ നൽകണം. ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെടുത്തി ഒറ്റ മുന്നറിയിപ്പ് ചിഹ്നം നൽകിയാൽ മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.
2020-ലെ ചട്ടങ്ങൾ ഉൾപ്പെടെയുള്ള നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കുട്ടികളിൽ പോഷകാഹാരത്തെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങളിലെ പഠനത്തിനപ്പുറം പ്രായോഗികമായ പോഷകാഹാര അവബോധം കുട്ടികളിൽ വളർത്തണം. ഇതിനായി സംവേദനാത്മക ശിൽപശാലകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാമെന്നും കോടതി നിർദേശിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.


