മലപ്പുറം: ദിവ്യയുടെ ഒരുദിവസം തുടങ്ങുന്നത് പുലർച്ചെ നാലിനാണ്. ഫാമിലെയും വീട്ടിലെയും പശുക്കളെ വൃത്തിയാക്കി കറവ തുടങ്ങും. രാവിലെ ഒൻപതോടെ ആദ്യഘട്ട ജോലികൾ പൂർത്തിയാകും. കറന്നെടുത്ത പാൽ ചുങ്കത്തറ ക്ഷീരസംഘത്തിലെത്തിക്കണം. പിന്നാലെ പുല്ലരിയലും തീറ്റയൊരുക്കലും. പശുക്കൾക്ക് ആവശ്യമായ തീറ്റയും വെള്ളവും ഉറപ്പാക്കി ഉച്ചവരെ നീളുന്ന ജോലികൾ. വൈകിട്ട് നാലോടെ വീണ്ടും കറവ തുടങ്ങും. അതുകഴിഞ്ഞും പശുക്കളുടെ പരിചരണവും തൊഴുത്തിലെ ജോലികളുമായി രാത്രി എട്ടുവരെ ഫാമിൽത്തന്നെ. വിശ്രമത്തിന് ഇടം നൽകാത്ത ദിനചര്യയാണിത്.
ഫാമിൽ പത്തും വീട്ടിൽ മൂന്നും ഉൾപ്പെടെ 13 പശുക്കളാണ് ദിവ്യയ്ക്കും ഭർത്താവ് മഠത്തിൽപറമ്പിൽ വിനോജിനുമുള്ളത്. ചുങ്കത്തറ കൈപ്പിനി കുന്നത്ത് സ്വദേശിയായ വിനോജ് 32 വർഷമായി ക്ഷീരകർഷകനാണ്. മാവേലി സ്റ്റോറിൽ താൽക്കാലിക ജോലി ചെയ്തിരുന്ന വിനോജ് അതുപേക്ഷിച്ചാണ് പശുവളർത്തലിൽ സജീവമായത്. ഭർത്താവിന്റെ വഴിയിലേക്ക് ദിവ്യയും എത്തിയതോടെ കുടുംബത്തിന്റെ മുഴുവൻ അധ്വാനവും ക്ഷീരമേഖലയിലായി.
എന്നാൽ, ഉൽപാദനത്തിനൊപ്പം വരുമാനം വർധിക്കുന്നില്ലെന്നതാണ് ഇവരുടെ പ്രധാന ആശങ്ക. പശുക്കൾക്കുള്ള കാലിത്തീറ്റ, വൈക്കോൽ, ചോളപ്പുല്ല്, ചോളപ്പൊടി, ഗോതമ്പുതവിട് തുടങ്ങിയവയുടെ വില കഴിഞ്ഞ രണ്ടു വർഷത്തിനിടെ 35 ശതമാനത്തോളം ഉയർന്നു. ഇതേ കാലയളവിൽ പാലിന് ലീറ്ററിന് ലഭിച്ച വർധന നാലു രൂപ മാത്രം. തീറ്റച്ചെലവും മറ്റു പരിപാലനച്ചെലവുകളും ഉയരുമ്പോൾ പാലിന്റെ വിലയിലെ വർധന അതിനൊപ്പമെത്തുന്നില്ല.
സ്വന്തമായി 10 സെന്റ് ഭൂമി മാത്രമാണ് ഇവർക്കുള്ളത്. അതിനാൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. വർഷം 30,000 രൂപ വാടകയായി നൽകണം. തീറ്റയ്ക്കും പരിപാലനത്തിനും പുറമേ സ്ഥലവാടകയും കുടുംബത്തിന് അധികബാധ്യതയാണ്. പ്രതിദിനം രണ്ടുനേരമായി 85 ലീറ്ററോളം പാൽ അളന്ന് ക്ഷീരസംഘത്തിലെത്തിക്കുന്നുണ്ടെങ്കിലും അധ്വാനത്തിനൊത്ത നേട്ടം ലഭിക്കുന്നില്ലെന്ന പരിഭവം ഇവർക്കുണ്ട്. മക്കളായ അശ്വതി നഴ്സിങ് വിദ്യാർഥിനിയും അരുൺ ചുങ്കത്തറ എംപിഎം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾക്കൊപ്പം പശുക്കളുടെ പരിചരണവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുകയാണ് ദിവ്യ. പാൽ അളവ് കൂടുന്നുണ്ടെങ്കിലും കർഷകന്റെ കയ്യിൽ മിച്ചംവരുന്ന വരുമാനത്തിലും അതേ വർധന ഉണ്ടാകണമെന്നാണ് ദിവ്യയും വിനോജും പറയുന്നത്.



