ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ എസ്ഐആർ വിരുദ്ധ സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. എസ്ഐആർ വിരുദ്ധ കൂട്ടായ്മയും സംയുക്ത കിസാൻ മോർച്ചയും ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം, ‘സംവിധാൻ ഗൗരവ് ദിവസ്’ പരിപാടിയിലൂടെ പ്രതിപക്ഷത്തിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി.
ഇടവേളയ്ക്കുശേഷം രാജ്യത്ത് സമരങ്ങൾ സജീവമാക്കുകയാണ് പ്രതിപക്ഷം. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. ഡൽഹിയിൽ കെ.സി. വേണുഗോപാൽ എം.പിയാണ് മാർച്ചിന് നേതൃത്വം നൽകിയത്. ലഖ്നൗവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുത്തു. ബിജെപി ഭരണഘടനയെ അപമാനിക്കുകയും പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കുകയുമാണെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു.
എസ്ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്ഐആർ വിരുദ്ധ കൂട്ടായ്മയുടെ പ്രതിഷേധം. മന്ദിർ മാർഗിൽനിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. നേഹ ബോറ, ആനി രാജ, പി.കെ. ശ്രീമതി തുടങ്ങിയ ഇടത് വനിതാ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച കാളിബാരി മാർഗിലാണ് മാർച്ച് നടത്തിയത്. കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. ഇതിനിടെ പൊലീസും സമരനേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. രാഷ്ട്രപതിക്ക് നൽകാനുള്ള നിവേദനം ഡി.സി.പിക്ക് കൈമാറിയ ശേഷമാണ് സമരക്കാർ പിരിഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സമരത്തിനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും നേതാക്കൾ ആരോപിച്ചു.
അതേസമയം, ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യം അതിനെ ബഹുമാനിക്കണമെന്ന് ഡൽഹിയിൽ നടന്ന ‘സംവിധാൻ ഗൗരവ് ദിവസ്’ പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ വിമർശിച്ചു.
വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. ഡിസംബർ ഒന്നുമുതൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചും സി.പി.ഐയുടെ ജയിൽ നിറയ്ക്കൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.


