ന്യൂഡൽഹി: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ സംരക്ഷണം സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർക്ക് ലഭിക്കണമെന്നില്ലെന്ന് സുപ്രീം കോടതി. അംഗീകൃത മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ റീൽസ് നിർമിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഒക്ടോബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകൻ എന്ന പദവി ആർക്കും സ്വയം പ്രഖ്യാപിച്ച് ഏറ്റെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രിന്റ് മീഡിയ, ടെലിവിഷൻ ചാനലുകൾ, രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രവർത്തിക്കുന്നവരും പ്രസ് കൗൺസിൽ അക്രഡിറ്റേഷനുള്ളവരുമാണ് അംഗീകൃത മാധ്യമപ്രവർത്തകർ. എന്നാൽ ഇന്ന് നിരവധി പേർ സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം പൊതുക്രമസമാധാനവും ഉറപ്പാക്കേണ്ടതുണ്ട്. ഈ രണ്ട് കാര്യങ്ങൾക്കുമിടയിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ക്യാമറയും മൈക്കും ഉപയോഗിച്ച് വാണിജ്യലക്ഷ്യത്തോടെ റീൽസ് നിർമിക്കുന്നവരെ മാധ്യമപ്രവർത്തകരായി കണക്കാക്കാനാകുമോ എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നായിരുന്നു ഡൽഹി പൊലീസിന്റെ വാദം.
പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് ദുരനുഭവവും അനധികൃത കസ്റ്റഡിയും നേരിടേണ്ടിവന്നെന്ന പരാതികൾ പരിശോധിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കാനും കോടതി നിർദേശിച്ചു.
പ്രതിഷേധസ്ഥലത്ത് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നോ, അവർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചോ, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പൊതുസമാധാനം നിലനിർത്താൻ ആവശ്യമായ പരിധി മറികടന്നുള്ള നടപടിയായിരുന്നോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ കേരള പത്രപ്രവർത്തക യൂണിയനോടും കോടതി നിർദേശിച്ചിട്ടുണ്ട്.



