തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷിനെ പുകഴ്ത്തി സംസാരിച്ച നടി മല്ലിക സുകുമാരനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനും മാലിന്യം നീക്കം ചെയ്യാനും മികച്ച സംവിധാനമുണ്ടെന്ന് മല്ലിക അവകാശപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുകയും തമ്പാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലാവുകയും ചെയ്തതാണ് ട്രോളുകൾക്ക് വഴിവെച്ചത്.
കഴിഞ്ഞ 26നാണ് മേയർ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാനാഥിനെയും സാക്ഷിയാക്കി മല്ലിക സുകുമാരൻ നഗരത്തിലെ പുതിയ സംവിധാനങ്ങളെ പ്രശംസിച്ചത്. തമ്പാനൂരിൽ വെള്ളക്കെട്ട് മാറുന്നില്ലെന്ന വിമർശനത്തോട് പ്രതികരിക്കവെ, താൻ നിരവധി തവണ സാരി പൊക്കിപ്പിടിച്ച് തമ്പാനൂരിലൂടെ നടന്നിട്ടുണ്ടെന്നും ഇപ്പോഴാണ് അവിടെ വൃത്തിയാക്കാൻ സംവിധാനമുണ്ടായതെന്നും മല്ലിക പറഞ്ഞിരുന്നു. മേയറുടെ ഓഫീസിലെത്തി കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം.
എന്നാൽ, പിന്നാലെ പെയ്ത ഒന്നര മണിക്കൂർ മഴയിൽ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗങ്ങൾ വെള്ളക്കെട്ടിലായതോടെ മല്ലികയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ‘പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തൽ ഇഷ്ടപ്പെട്ടില്ല’, ‘ഒന്ന് പുകഴ്ത്തിയപ്പോഴേക്കും മഴ ചതിച്ചു’ തുടങ്ങിയ പരിഹാസങ്ങളുമായാണ് ട്രോളുകൾ പ്രചരിക്കുന്നത്.
അതേസമയം, നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ കോർപ്പറേഷൻ ജീവനക്കാരും പൊലീസും സംയുക്തമായി ഇടപെട്ടതായി മേയർ വി.വി. രാജേഷ് പ്രതികരിച്ചു. ഒരുദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് മേയറുടെ വിശദീകരണം.
പലയിടങ്ങളിൽനിന്നും ഒഴുകിയെത്തിയ മാലിന്യം ഓടകളിൽ അടിഞ്ഞുകൂടിയതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ തടസ്സപ്പെട്ടെന്നും വെള്ളം ഇറങ്ങേണ്ട ഭാഗങ്ങളിലെ ഗ്രില്ലുകൾ ചെറുതാണെന്നും മേയർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ നിർമാണഘട്ടത്തിൽ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലികയുടെ പരാമർശവും പിന്നാലെയുണ്ടായ നഗരത്തിലെ വെള്ളക്കെട്ടും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.


