ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പേസർ മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ വിമർശനവുമായി മുൻ താരം മുരളി കാർത്തിക്. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിനിടെ സൺഗ്ലാസിന് പിന്നിൽ വികാരങ്ങൾ മറച്ചുവെച്ചിരിക്കുന്ന സിറാജിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് താരം കരയുകയാണോ എന്ന ചർച്ച ഉയർന്നത്.
സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ ചർച്ചയ്ക്കിടെ മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയോടൊപ്പമാണ് കാർത്തിക് ഇക്കാര്യം പങ്കുവെച്ചത്. സിറാജ് കരയുകയാണോ എന്ന കാർത്തിക്കിന്റെ ചോദ്യത്തിന് ഉറപ്പില്ലെന്നായിരുന്നു രഹാനെയുടെ മറുപടി. എന്നാൽ സിറാജ് ഏറെ വൈകാരികതയുള്ള താരമായതിനാൽ അങ്ങനെ സംഭവിച്ചിരിക്കാമെന്ന് കാർത്തിക് പറഞ്ഞു.
ടീമിൽനിന്ന് ഒഴിവാക്കപ്പെടുമ്പോൾ ഓരോ താരവും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കാറുള്ളതെന്നും കാർത്തിക് ചൂണ്ടിക്കാട്ടി. ഒഴിവാക്കപ്പെടുന്നതിൽ പ്രശ്നമില്ലാത്തവരുണ്ട്. എന്നാൽ പരിക്കോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാലും കളിക്കാനായി എന്തും ചെയ്യാൻ തയ്യാറാകുന്നവരുമുണ്ട്. ശരീരത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടെങ്കിലും ടീമിനായി എല്ലാം സമർപ്പിക്കുന്ന ബൗളറാണ് സിറാജെന്നും കാർത്തിക് പറഞ്ഞു.
വിവിധ ഫോർമാറ്റുകളിലായി സിറാജിനെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിലും കാർത്തിക് അതൃപ്തി പ്രകടിപ്പിച്ചു. കളിപ്പിക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ എന്തിനാണ് താരത്തെ പര്യടനത്തിന് കൊണ്ടുപോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
സിറാജിന്റെ ഫോമിലോ നെറ്റ്‌സിലെ പ്രകടനത്തിലോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ല. അങ്ങനെയാണെങ്കിൽ ടീമിൽ ഉൾപ്പെടുത്താതിരിക്കാം. എന്നാൽ പര്യടനത്തിന് ഒപ്പം കൊണ്ടുപോയശേഷം തുടർച്ചയായി പുറത്തിരുത്തുന്നതിൽ എന്താണ് യുക്തിയെന്നും കാർത്തിക് ചോദിച്ചു. ടീമിനായി എന്തും ചെയ്യാൻ തയ്യാറുള്ള താരമാണ് സിറാജെന്നും അദ്ദേഹത്തിന് അർഹമായ അവസരം നൽകണമെന്നും കാർത്തിക് പരോക്ഷമായി ഓർമിപ്പിച്ചു.




