തെഹ്റാൻ: മിനാബ് സ്കൂൾ ആക്രമണം ഒരിക്കലും മറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ കുട്ടികളെ അനുസ്മരിച്ചാണ് ഇറാൻ പ്രസിഡന്റ് വീണ്ടും രംഗത്തെത്തിയത്.
2026 ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ മിനാബ് സ്കൂളിലെ 168 കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഇറാന്റെ ആരോപണം. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് പെസഷ്കിയാൻ വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, മിനാബ് സ്കൂൾ ആക്രമണം മനഃപൂർവം നടത്തിയതല്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. യുദ്ധസാഹചര്യത്തിൽ ആരും ബോധപൂർവം സ്കൂളുകൾ ആക്രമിക്കില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
ഇതിന് മുൻപും അന്താരാഷ്ട്ര വേദികളിൽ മിനാബ് സ്കൂൾ ആക്രമണം ഇറാൻ ഉന്നയിച്ചിരുന്നു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ് പെസഷ്കിയാൻ വിഷയത്തിൽ പ്രതികരിച്ചത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളെ അനുസ്മരിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയ ഇറാൻ പ്രസിഡന്റ്, സംഭവത്തിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉത്തരവാദിത്തം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.


