പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന സ്പെഷൽ സർവീസുകളിൽ കെഎസ്ആർടിസിയുടെ വരുമാനം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തിൽ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എട്ട് ദിവസത്തെ വരുമാനത്തിൽ മാത്രം 1.80 കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്.
പുതിയ ബസുകളുടെ കുറവ് കാരണം സാധാരണ വരുമാനം ലഭിക്കുന്ന പല സർവീസുകളും നിർത്തിയാണ് സ്പെഷൽ സർവീസുകൾക്കായി ബസുകൾ ഉപയോഗിക്കുന്നത്. ഇത് കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.
ശബരിമല സ്പെഷൽ സർവീസുകൾക്കായി രണ്ട് ഘട്ടങ്ങളിലായാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലകാലത്തെ ആദ്യഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് കാലത്തെ രണ്ടാംഘട്ടത്തിൽ 561 ബസുകളുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 222 ബസുകൾ പമ്പ ഡിപ്പോയ്ക്ക് നൽകി. ഇതിൽ 191 ബസുകൾ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനും 31 ബസുകൾ ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുന്നത്. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, പത്തനംതിട്ട, എരുമേലി, കുമളി, കൊട്ടാരക്കര, പുനലൂർ, തിരുവനന്തപുരം തുടങ്ങിയ ഡിപ്പോകളിൽ നിന്നും സ്പെഷൽ സർവീസിനായി ബസുകൾ എത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും നിയോഗിച്ചു. എന്നാൽ തീർഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിൽ ജീവനക്കാർക്ക് ആവശ്യമായ ഡ്യൂട്ടി ഉറപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പമ്പയിൽ നിന്ന് തെങ്കാശി, പഴനി, ചെന്നൈ, ബെംഗളൂരു, കന്യാകുമാരി, മധുര, തേനി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സംസ്ഥാനാന്തര സർവീസുകൾ നടത്താൻ കെഎസ്ആർടിസി പെർമിറ്റ് എടുത്തിട്ടുണ്ട്. എന്നാൽ തീർഥാടകരുടെ തിരക്ക് കുറവായതിനാൽ ഈ സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.


