തൃശൂർ: ഡിസംബറിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു. ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ സംവിധാനം തകരാറിലായതോടെയാണ് ദേവസ്വത്തിന്റെ നടപടി. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് ഡിസംബറിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു.
ആറുപേർക്ക് വരെ ഒരുമിച്ച് ദർശനത്തിന് സ്ലോട്ട് ബുക്ക് ചെയ്യാൻ 25 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ബുക്കിങ് നടത്തിയവർക്ക് ഓരോരുത്തർക്കും 25 രൂപ വീതം നൽകേണ്ടിവന്നു. ബുക്കിങ് പൂർത്തിയാക്കിയിട്ടും രസീത് ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ചിലർക്ക് ബുക്ക് ചെയ്തവരുടെ പേരുകൾക്ക് പകരം അപരിചിതരുടെ പേരുകളാണ് ലഭിച്ചത്.
ഒരേസമയം നിരവധി പേർ ബുക്കിങ് നടത്തി പണമടച്ചതാണ് സാങ്കേതിക തകരാറിന് കാരണമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. സംഭവത്തിൽ ആരുടെയും പണം നഷ്ടമാകില്ലെന്നും ബുക്കിങ് നടത്തിയ എല്ലാവർക്കും ക്ഷേത്രദർശനം ഉറപ്പാക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.


