ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ മണ്ഡലത്തിലെ വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് വിജയ് നൽകിയ അപേക്ഷ കോടതി നിരസിച്ചു.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങളും വരുമാനവും മറച്ചുവെച്ചെന്നാണ് ഹർജിയിലെ ആരോപണം.
30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉൾപ്പെടെയുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ വിജയ് നിഷേധിച്ചിരുന്നു.
അതേസമയം, വിജയ് രാജിവെച്ച തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വൈകും. തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിലക്ക് നീക്കാൻ കോടതി തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ തീരുമാനം വന്നതിന് ശേഷമേ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്താനാകൂവെന്നും കോടതി വ്യക്തമാക്കി.
എന്നാൽ അംബാസമുദ്രം, പെരുംതുറൈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് കോടതി അനുമതി നൽകി. എഐഎഡിഎംകെ എംഎൽഎമാരുടെ രാജിയെ തുടർന്ന് ഒഴിവുവന്ന മണ്ഡലങ്ങളാണിവ. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.


