മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. കാടാമ്പുഴ കല്ലാറമംഗലം സ്വദേശികളായ ജിഷ്ണു (18), മുഹമ്മദ് അൻസാദ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് കേസ്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ജിഷ്ണു സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് സുഹൃത്തായ മുഹമ്മദ് അൻസാദുമായി ചേർന്ന് ഇവ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെയും കാടാമ്പുഴ പൊലീസിന്റെയും സഹായത്തോടെയായിരുന്നു അന്വേഷണം.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.


