ചെന്നൈ: ഡിഎംകെ ആശയപരമായ നിലപാടുകൾ ഉപേക്ഷിച്ചെന്ന ആരോപണവുമായി തമിഴക വെട്രി കഴകം (ടിവികെ). മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ പ്രസിദ്ധമായ ‘ആടിന് താടികൊണ്ടും രാജ്യത്തിന് ഗവർണറെക്കൊണ്ടും എന്ത് പ്രയോജനം?’ എന്ന പരാമർശം ഉദ്ധരിച്ചാണ് ടിവികെയുടെ വിമർശനം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിവാദം.
ഗവർണറുമായുള്ള കൂടിക്കാഴ്ച ഡിഎംകെയുടെ ബിജെപി അനുകൂല നിലപാടിന്റെ സൂചനയാണെന്നാണ് ടിവികെയുടെ ആരോപണം. പാർട്ടിയുടെ ഐ.ടി സെൽ എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
അണ്ണാദുരൈയുടെ ആശയങ്ങൾ പിന്തുടർന്നിരുന്ന ഡിഎംകെയെ ഒരു കുടുംബപാർട്ടിയായി മാറ്റിയെന്നും ആശയപരമായ കരുത്തുണ്ടെന്ന അവകാശവാദങ്ങൾ വെറും വീമ്പിളക്കലാണെന്നും കുറിപ്പിൽ ആരോപിക്കുന്നു. അധികാരത്തിലിരുന്ന കാലത്ത് ഗവർണറെ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ അദ്ദേഹത്തെ ‘പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകൻ’ എന്ന് വിശേഷിപ്പിക്കുന്നുവെന്നും ടിവികെ പരിഹസിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെക്കുറിച്ച് ഡിഎംകെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ പ്രസിദ്ധീകരിച്ച അഭിമുഖവും ടിവികെ വിമർശനത്തിന് ആയുധമാക്കി. ഏകദേശം 14 വർഷത്തിനുശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ അഭിമുഖം മുരശൊലിയിൽ വന്നതെന്ന് ടിവികെ ചൂണ്ടിക്കാട്ടി.
കലൈഞ്ജർ അനുഗ്രഹിച്ച ചിഹ്നമായ താമരയുടെ ചരിത്രം ആവർത്തിക്കാനാണ് ഡിഎംകെയുടെ നീക്കമെന്നും തമിഴ്നാട്ടിൽ ബിജെപിയെ വളർത്താൻ പാർട്ടി നേതൃത്വം നൽകുകയാണെന്നും ടിവികെ ആരോപിച്ചു. ഡിഎംകെയുടെ രാഷ്ട്രീയ നിലപാടുകളിലെ മാറ്റം തുറന്നുകാട്ടുന്നതാണ് ഇത്തരം നീക്കങ്ങളെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


