കോഴിക്കോട്: ഗതാഗതക്കുരുക്കിനിടെ എതിർദിശയിലൂടെ എത്തിയ സ്വകാര്യബസിനെ പിന്നോട്ടെടുപ്പിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. വ്യാഴാഴ്ച വൈകുന്നേരം 6.30-ഓടെ ബി.സി. റോഡിനും ചെറുവണ്ണൂർ റോഡിനും ഇടയിലായിരുന്നു സംഭവം.
ബി.സി. റോഡിൽനിന്ന് ചെറുവണ്ണൂർ റോഡിലൂടെ നഗരത്തിലേക്ക് വരികയായിരുന്നു കമ്മിഷണർ. കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് നിരയായി കിടക്കുന്നതിനിടെയാണ്, എതിർദിശയിലൂടെ ട്രാക്ക് തെറ്റിച്ചെത്തിയ ‘റഹീസ്’ എന്ന സ്വകാര്യബസ് കമ്മിഷണറുടെ വാഹനത്തിന് കുറുകെ എത്തിയത്. കോഴിക്കോട് നിന്ന് മീഞ്ചന്ത വഴി മണ്ണൂരിലേക്ക് പോകുകയായിരുന്ന ബസായിരുന്നു ഇത്.
ഉടൻ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ കമ്മിഷണർ, ബസ് പിന്നോട്ടെടുത്ത് ശരിയായ ട്രാക്കിലേക്ക് മാറ്റാൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ബസ് പിന്നോട്ടെടുത്ത് സ്വന്തം പാതയിലേക്ക് പ്രവേശിപ്പിച്ച ശേഷമാണ് യാത്ര തുടരാൻ അനുവദിച്ചത്.
നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയതായും ബസ് ജീവനക്കാരോട് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.പി. ഷൗക്കത്തലി പറഞ്ഞു.
ഈ റൂട്ടിൽ സ്വകാര്യബസുകൾ നിരന്തരം ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതായി യാത്രക്കാരിൽനിന്നും മറ്റ് വാഹനയാത്രികരിൽനിന്നും പരാതികൾ ഉയർന്നിരുന്നു. ഇതിനിടെയാണ് കമ്മിഷണർ നേരിട്ട് ഇടപെട്ട് നിയമലംഘനം തടഞ്ഞത്.


