പാലക്കാട്: മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ 7.86 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം ഉറപ്പാക്കാൻ കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലൻസ് അന്വേഷണം നടത്തുമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു.
കഴിഞ്ഞ പത്തുവർഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപ തട്ടിയെടുത്തതായാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയത്. പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം., ഗിരിജ കെ., മുനീർ റഹ്മാൻ, നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
യഥാർഥ ഗുണഭോക്താക്കളുടെ പേരുകൾ ബാങ്ക് രേഖകളിൽ നിലനിർത്തിയശേഷം അക്കൗണ്ട് നമ്പറുകളും ക്യുആർ കോഡുകളും തിരുത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ മുൻ എസ്.സി. പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവർക്കും ക്രമക്കേടിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടിന് പിന്നിലുള്ള മുഴുവൻ ആളുകളെയും സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും കണ്ടെത്തുകയാണ് വിജിലൻസ് അന്വേഷണത്തിന്റെ ലക്ഷ്യം. ക്രമക്കേട് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കും.


