വയനാട്: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വയനാടിനെ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന അഭിമാനകരമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ വയനാടിന് ഈ നേട്ടം മറ്റൊരു പൊൻതൂവലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ രണ്ട് മാസത്തോളം നീണ്ട കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. സർക്കാർ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം.
തുടർന്ന് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ചു. ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തിയും ഇ-മാലിന്യങ്ങൾ ശേഖരിച്ചു. ഇതുവരെ 102.8 ടൺ ഇ-മാലിന്യമാണ് ജില്ലയിൽ നിന്ന് ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഇതിനുപുറമെ, വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ രൂപരേഖയും ചടങ്ങിൽ പ്രകാശനം ചെയ്തു.


