കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെവിട്ടു. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ.
കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ലിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2022ലാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും വിവിധ ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
തുടർന്ന് കണ്ണൂരിലെ സിനിമാ സെറ്റിൽ നിന്നാണ് ഇൻഫോപാർക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. സംവിധായകന്റെ അറസ്റ്റിനെ തുടർന്ന് ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണം അന്ന് നിർത്തിവെച്ചിരുന്നു.
ലിജു കൃഷ്ണ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘പടവെട്ട്’. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ലിജു കൃഷ്ണ പ്രതികരിച്ചു. ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് നഷ്ടമായത് വർഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


