കോഴിക്കോട്: മലയാള സാഹിത്യത്തിന് വേറിട്ട ഭാവുകത്വവും ആഖ്യാനശൈലിയും സംഭാവന ചെയ്ത എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരികം, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു.
ഭാഷാപിതാവിന്റെ പേരിലുള്ള മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് ഒരു സാധാരണ വായനക്കാരനെന്ന നിലയിൽ വലിയ ഭാഗ്യമായും നിയോഗമായും കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം മൗലികതയാണ്. മേതിൽ രാധാകൃഷ്ണന്റെ രചനകൾ ആദ്യമായി വായിച്ചപ്പോൾ പരിചിതമല്ലാത്ത രചനാശൈലിയും ആഖ്യാനരീതിയും ഭാഷയിലെ പുതുമയും തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം അനുസ്മരിച്ചു.
നോവലുകളിലും ചെറുകഥകളിലും ശാസ്ത്രത്തെയും തത്വചിന്തയെയും ഭാഷയുടെ സൗന്ദര്യത്തിനുള്ളിൽ സ്വാഭാവികമായി സന്നിവേശിപ്പിക്കാൻ മേതിലിന് കഴിയുന്നുണ്ട്. വായനക്കാരെ പഠിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ ഈ വിഷയങ്ങൾ രചനകളിൽ അവതരിപ്പിക്കുന്നതും പ്രകൃതിയെയും ജന്തുജാലങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ച് എഴുത്തിൽ ഉൾപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ രചനകളെ വ്യത്യസ്തമാക്കുന്നു. ആധുനിക സാഹിത്യത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന പുതിയ കാഴ്ചപ്പാടുകളും പരീക്ഷണാത്മകമായ ആഖ്യാനരീതികളും മലയാളത്തിൽ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിചിതമല്ലാത്ത വാക്കുകളും അവതരണരീതികളും തുടക്കത്തിൽ വായനക്കാരിൽ അസ്വസ്ഥതയോ വിമർശനമോ സൃഷ്ടിച്ചേക്കാം. എന്നാൽ ഇത്തരം പരീക്ഷണങ്ങളാണ് പുതിയ വായനാനുഭവങ്ങൾക്കും സാഹിത്യസാധ്യതകൾക്കും വഴിതുറക്കുന്നത്. കാലം കഴിയുന്തോറും പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനും പുനർവായനയ്ക്ക് വഴിയൊരുക്കാനും മേതിലിന്റെ കൃതികൾക്ക് കഴിയുന്നുണ്ട്. വായനക്കാരുടെ പ്രായവും അനുഭവങ്ങളും കാഴ്ചപ്പാടുകളും മാറുന്നതിനനുസരിച്ച് ഓരോ കാലത്തും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇത്തരം കൃതികൾ സൃഷ്ടിക്കാൻ മലയാളത്തിലെ അപൂർവം എഴുത്തുകാർക്കേ കഴിഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മേതിലിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത ജൂറിയെയും അദ്ദേഹം അഭിനന്ദിച്ചു.
അമ്മമാരും മുത്തശ്ശിമാരും പറഞ്ഞുതന്ന കഥകളിലൂടെയാണ് പലരും വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കടന്നുവന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അമ്മയുടെ മടിയിൽ കിടന്ന് കഥകൾ കേട്ട ബാല്യകാലമാണ് വായനയുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും വലിയ ഓർമയെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന ശീലം കുറഞ്ഞുവരുന്നതിൽ ആശങ്കയുണ്ട്. കഥകളിലൂടെയാണ് വായനയുടെയും സർഗാത്മകതയുടെയും ആദ്യപാഠങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേതിൽ രാധാകൃഷ്ണന്റെ കൃതികൾ വീണ്ടും ആദ്യാവസാനം വായിക്കണമെന്ന ആഗ്രഹവും മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തിന്റെ മുഴുവൻ അഭിനന്ദനങ്ങളും അദ്ദേഹത്തിന് നേർന്നു.
ചടങ്ങിൽ എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീൺകുമാർ, സാംസ്കാരിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, പുരസ്കാര നിർണയസമിതി അംഗം സാറാ ജോസഫ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കെ.ജി. ശങ്കരപ്പിള്ള അധ്യക്ഷനും കെ. സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് മേതിൽ രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്.


