മുംബൈ:റെയിൽവേ സ്റ്റേഷനിലെ പൊതുശുചിമുറിയിൽ പോയ അറുപതുകാരിയെ പീഡിപ്പിച്ചു. മുംബൈയിലെ ഘട്കോപ്പർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ക്രൂരമായി മർദിച്ചതിന് ശേഷമാണ് അറുപതുകാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ തയ്യൽ തൊഴിലാളിയായ തസ്ലീം നൂർ മുഹമ്മദ് ഷായെ (27) പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഖദാവ്ലി സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായ അറുപതുകാരി. പതിനെട്ടുകാരിയായ മകൾക്കൊപ്പം രാത്രി പതിനൊന്നു മണിയോടെയാണ് ഇവർ ഘട്കോപ്പർ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഇവർ ശുചിമുറിയിലേക്ക് പോയി. ഈ സമയത്ത് ഇവരെ പിന്തുടർന്ന് യുവാവും ശുചിമുറിയിലെത്തി. യുവാവിനെ കണ്ടതോടെ അറുപതുകാരി നിലവിളിച്ചു. ഇതോടെ പ്രതി ഇവരുടെ മുഖത്തും നെഞ്ചിലും ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
രക്തം വാർന്ന് അവശയായ അറുപതുകാരി ശുചിമുറിക്ക് പുറത്തെത്തി തനിക്കുണ്ടായ ദുരനുഭവം മകളോട് പറഞ്ഞു. ശേഷം റെയിൽവേ പൊലീസിലും പരാതി നൽകി. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഘട്കോപ്പർ വെസ്റ്റിലെ അസൽഫ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.


