കൊല്ലം: വ്യാജ പോക്സോ കേസിൽ കുടുങ്ങി തേവലക്കര സ്വദേശി ജയിലിൽ കിടന്നത് 53 ദിവസം. 2024 ഓഗസ്റ്റ് 7നാണ് ഗോപകുമാറിനെതിരെ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2 വർഷത്തിനിപ്പുറം കരുനാഗപ്പള്ളി പോക്സോ കോടതി ഗോപകുമാർ നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിട്ടു. തെറ്റ് ചെയ്യാത്ത നിരവധി പേർ കള്ളക്കേസിൽ കുടുങ്ങി ക്രൂശിക്കപ്പെടുന്നുണ്ടെന്നും പോക്സോ വകുപ്പ് പലരും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും തന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുതെന്നും ഗോപകുമാർ പറയുന്നു.
പൊതുപ്രവർത്തകൻ കൂടിയായ ഗോപകുമാർ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ആയിരിക്കവെയാണ് വ്യാജപരാതിയിൽ ജയിലിലാകുന്നത്. അടുത്തറിയാവുന്നവരെല്ലാം ഗോപകുമാർ തെറ്റ് ചെയ്തിട്ടില്ലെന്നു വിശ്വസിച്ചു. അത് വലിയ ആശ്വാസമായിരുന്നുവെന്ന് ഗോപകുമാർ പറഞ്ഞു. ജയിലിൽ നിന്നു വന്നതിനു ശേഷം പൊതു ഇടങ്ങളിൽ പോകുമ്പോൾ പലരും മോശക്കാരനായി കണ്ട് ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും കണ്ണീരോടെ ഗോപകുമാർ പറയുന്നു.
ഗോപകുമാറിന്റെ ഭാര്യയ്ക്ക് ആദ്യഭർത്താവിലുള്ള മകളാണ് 13 വയസ്സുകാരി. ഭാര്യയ്ക്കൊപ്പം ഈ കുട്ടിയെയും ഗോപകുമാർ ആണ് സംരക്ഷിച്ചിരുന്നത്. ആദ്യഭർത്താവിന് തന്നോട് വിരോധമുണ്ടെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ സ്വത്ത് തർക്കം സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കവെയാണ് ഭാര്യയോടുള്ള വിരോധം കാരണം അയാൾ ഗോപകുമാറിനെതിരെ മകളെക്കൊണ്ട് പരാതി കൊടുപ്പിച്ചത്. ഒരിക്കലും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭാര്യയെ ആദ്യഭർത്താവ് പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതായി ഗോപകുമാർ പറഞ്ഞു. ഭാര്യയെ തന്നിൽ നിന്നും അകറ്റണം എന്ന ഉദ്ദേശത്തോടെയാണ് കള്ളക്കേസ് കൊടുത്തതെന്നും തന്നിലൂടെ മാത്രമേ ഭാര്യയെ മുറിപ്പെടുത്താനാകൂ എന്നറിയാവുന്നതുകൊണ്ട് തന്നെ കരുവാക്കിയതാണെന്നും ഗോപകുമാർ പറയുന്നു.
നിരപരാധിയാണെന്നു കരഞ്ഞു പറഞ്ഞിട്ടും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ജയിലിൽ പോകേണ്ടി വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് താൻ പറഞ്ഞെന്നും എന്നാൽ അതൊന്നും പൊലീസ് ചെവിക്കൊണ്ടില്ലെന്നും ഗോപകുമാർ പറയുന്നു. എസ്എച്ച്ഒ ഉൾപ്പെടെ ചില പൊലീസ് ഉദ്യോഗസ്ഥർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘‘ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടക്കുമ്പോഴുള്ള വേദന വിവരിക്കാനാകില്ല. പോക്സോ കേസ് പ്രതിയായി സമൂഹം ഉറ്റുനോക്കുന്നത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ശക്തമായ തെളിവുകൾ നിരത്തിയപ്പോൾ കോടതിക്ക് ഞാൻ തെറ്റുകാരനല്ലെന്നു ബോധ്യപ്പെട്ടു. കോടതിവിധിയിൽ സന്തോഷവും ആശ്വാസവുമുണ്ട്. എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്. പോക്സോയുടെ മറവിൽ നിരവധി നിരപരാധികൾ തെറ്റിദ്ധരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.’’– ഗോപകുമാർ പറഞ്ഞു.


