കൊച്ചി: മിഷൻ ചക്കക്കൊമ്പനുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വിമർശനവുമായി എഴുത്തുകാരി കെ.ആർ. മീര. പത്തുവർഷം കഴിഞ്ഞും ചിന്നക്കനാലിൽ ആനകൾ ഉണ്ടെങ്കിൽ അതൊരു വിസ്മയമായിരിക്കുമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
ചിന്നക്കനാലിൽ നാല് കൊമ്പന്മാർ ഉണ്ടായിരുന്നുവെന്നും അതിൽ ഒരെണ്ണം വൈദ്യുതാഘാതമേറ്റും മറ്റൊന്ന് പരിക്കേറ്റും ചത്തുവെന്നും മീര പറഞ്ഞു. മൂന്നാമത്തെ ആനയെ കാടുകടത്തി. ഇപ്പോൾ ബാക്കിയുള്ളത് ചക്കക്കൊമ്പനാണ്. മുതുകിൽ സിറിഞ്ച് തറച്ച നിലയിൽ ചക്കക്കൊമ്പൻ ഓടുകയാണെന്നും അവർ കുറിച്ചു.
മനുഷ്യരും മൃഗങ്ങളും തമ്മിൽ സഹജീവിതം സാധ്യമാകണമെങ്കിൽ പരസ്പരം ഇടം മാനിക്കണമെന്ന് കെ.ആർ. മീര അഭിപ്രായപ്പെട്ടു. ഇക്കാര്യം ചിന്നക്കനാലിലെ ആദിവാസികൾക്ക് അറിയാമെന്നും എന്നാൽ വൻകിട കമ്പനികൾക്കും താൽപര്യങ്ങൾ സംരക്ഷിക്കുന്നവർക്കും ഇതറിയാൻ താൽപര്യമില്ലെന്നും അവർ വിമർശിച്ചു. മൃഗങ്ങളെ കൊന്നുകളയുന്നതാണ് ഇത്തരക്കാർക്ക് എളുപ്പമെന്നും മീര തന്റെ കുറിപ്പിൽ ആരോപിച്ചു.




